2 ശമൂവേൽ 1 : 1 (MOV)
ശൌൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ളാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്ത ശേഷം
2 ശമൂവേൽ 1 : 2 (MOV)
മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
2 ശമൂവേൽ 1 : 3 (MOV)
ദാവീദ് അവനോടു: നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചതിന്നു: ഞാൻ യിസ്രായേൽ പാളയത്തിൽനിന്നു ഓടിപ്പോരികയാകുന്നു എന്നു അവൻ പറഞ്ഞു.
2 ശമൂവേൽ 1 : 4 (MOV)
ദാവീദ് അവനോടു: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന്നു അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൌലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്നു ഉത്തരം പറഞ്ഞു.
2 ശമൂവേൽ 1 : 5 (MOV)
വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൌലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചതിന്നു
2 ശമൂവേൽ 1 : 6 (MOV)
വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
2 ശമൂവേൽ 1 : 7 (MOV)
അവൻ പിറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു.
2 ശമൂവേൽ 1 : 8 (MOV)
നീ ആരെന്നു അവൻ എന്നോടു ചോദിച്ചതിന്നു: ഞാൻ ഒരു അമാലേക്യൻ എന്നു ഉത്തരം പറഞ്ഞു.
2 ശമൂവേൽ 1 : 9 (MOV)
അവൻ എന്നോടു: നീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 1 : 10 (MOV)
അതുകൊണ്ടു ഞാൻ അടുത്തുചെന്നു അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്തു ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.
2 ശമൂവേൽ 1 : 11 (MOV)
ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
2 ശമൂവേൽ 1 : 12 (MOV)
അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
2 ശമൂവേൽ 1 : 13 (MOV)
ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.
2 ശമൂവേൽ 1 : 14 (MOV)
ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
2 ശമൂവേൽ 1 : 15 (MOV)
പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.
2 ശമൂവേൽ 1 : 16 (MOV)
അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
2 ശമൂവേൽ 1 : 17 (MOV)
അനന്തരം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി--
2 ശമൂവേൽ 1 : 18 (MOV)
അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
2 ശമൂവേൽ 1 : 19 (MOV)
യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ!
2 ശമൂവേൽ 1 : 20 (MOV)
ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
2 ശമൂവേൽ 1 : 21 (MOV)
ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെ മേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.
2 ശമൂവേൽ 1 : 22 (MOV)
നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വൃഥാ പോന്നതുമില്ല.
2 ശമൂവേൽ 1 : 23 (MOV)
ശൌലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ.
2 ശമൂവേൽ 1 : 24 (MOV)
യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
2 ശമൂവേൽ 1 : 25 (MOV)
യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
2 ശമൂവേൽ 1 : 26 (MOV)
യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.
2 ശമൂവേൽ 1 : 27 (MOV)
വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27